Skip to content

ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി, ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. 60 റൺസിനാണ് മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ അഫ്ഗാനിസ്ഥാൻ തകർത്തത്. ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ രണ്ടാം വിജയമാണിത്.

മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 295 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 38 ഓവറിൽ 234 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 83 പന്തിൽ 85 റൺസ് നേടിയ നിസങ്കയും 46 പന്തിൽ 66 റൺസ് നേടിയ ഹസരങ്കയും മാത്രമേ ശ്രീലങ്കൻ നിരയിൽ തിളങ്ങിയുള്ളൂ.

അഫ്ഗാനിസ്ഥാന് വേണ്ടി ഫറൂഖി നാല് വിക്കറ്റും ഗുൽബാധിൻ നൈബ് മൂന്ന് വിക്കറ്റും അഹ്മദ്സായ് രണ്ട് വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

മത്സരത്തിലെ തോൽവിയോടെ ശ്രീലങ്കയുടെ ഏകദിന ലോകകപ്പ് യോഗ്യത തുലാസിലായി. നിലവിൽ ഐസിസി ഏകദിന സൂപ്പർ ലീഗിൽ പത്താം സ്ഥാനത്താണ് ശ്രീലങ്കയുള്ളത്. ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് മാത്രമേ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുവാൻ സാധിക്കൂ. ഇനി വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് സൂപ്പർ ലീഗിൽ ശ്രീലങ്കയ്ക്ക് ശേഷിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 120 പന്തിൽ 106 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ, 55 പന്തിൽ 53 റൺസ് നേടിയ റഹ്മനുള്ള ഗർബാസ്, 25 പന്തിൽ 42 റൺസ് നേടിയ നജിബുള്ള സദ്രാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.