Skip to content

ഐ പി എല്ലിൽ സാന്നിധ്യം അറിയിക്കാൻ രോഹൻ കുന്നമ്മൽ അടക്കമുളള കേരള താരങ്ങൾ, പിന്തുണ നൽകി സഞ്ജു സാംസൺ

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസൺ. ഐ പി എല്ലിലെ സൂപ്പർതാരങ്ങളിൽ ഒരാളായ സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ ഏവരും ആഗ്രഹിക്കുന്നു. കളിയ്ക്കൊപ്പം ആരാധകരോടുള്ള സമീപനത്തിലും മറ്റുള്ളവർക്ക് മാതൃകയാണ് സഞ്ജു. ഇപ്പോഴിതാ ഐ പി എല്ലിൽ കൂടുതൽ കേരള താരങ്ങളെ എത്തിക്കുന്നതിൽ മുൻകൈ എടുത്തിരിക്കുകയാണ് കേരളത്തിൻ്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ.

നിലവിൽ ന്യൂസിലൻഡിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് സഞ്ജു. താരലേലത്തിന് മുൻപായി രോഹൻ കുന്നുമ്മൽ അടക്കമുളള താരങ്ങളെ ഐ പി എൽ ടീമുകളുടെ ട്രയൽസിൽ എത്തിക്കുന്നതിൽ മുൻകൈ എടുത്തിരിക്കുകയാണ് സഞ്ജു സാംസൺ. പ്രമുഖ സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രോഹൻ കുന്നുമ്മൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സഞ്ജു താനടക്കമുള്ള കേരള താരങ്ങളെ രാജസ്ഥാൻ റോയൽസിൻ്റെ ട്രയൽസിനായി കൊണ്ടുപോയെന്നും ട്രയൽസിൽ മികവ് പുലർത്തുവാൻ തനിയ്ക്ക് സാധിച്ചുവെന്നും താരം പറഞ്ഞു. രാജസ്ഥാൻ റോയൽസ് കൂടാതെ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകളുടെ ട്രയൽസിലും താരം പങ്കെടുത്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ റോഹൻ കുന്നുമ്മൽ ഇടംനേടിയിരുന്നു. വൈകാതെ ഐ പി എല്ലിലും താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

ഡിസംബർ 23 ന് കേരളത്തിൽ കൊച്ചിയിലാണ് ഐ പി എൽ മിനിലേലം നടക്കുന്നത്. യുവതാരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ലേലം കൂടിയാണിത്.