Skip to content

മനുഷ്യന് ഇങ്ങനെ നിസ്വാർത്ഥനാകുവാൻ കഴിയുമോ, അരികിലെത്തിയിട്ടും സെഞ്ചുറിയ്‌ക്ക് ശ്രമിക്കാതെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെയും ടോം ലാതത്തിൻ്റെയും മികവിൽ തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് നേടിയത്. മത്സരത്തിന് പുറകെ ന്യൂസിലൻഡ് ക്യാപ്റ്റൻ്റെ നിസ്വാർത്ഥതയെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും കെയ്ൻ വില്യംസൺ സെഞ്ചുറിയ്ക്ക് വേണ്ടി ശ്രമിച്ചില്ല.

മത്സരത്തിൽ ടോം ലാതം 104 പന്തിൽ 19 ഫോറും 5 സിക്സും ഉൾപ്പടെ 145 റൺസ് നേടിയപ്പോൾ കെയ്ൻ വില്യംസൺ 98 പന്തിൽ പുറത്താകാതെ 94 റൺസ് നേടിയിരുന്നു. ജയിക്കാൻ 40 ലധികം റൺസ് വേണ്ട സമയത്ത് കെയ്ൻ വില്യംസൻ്റെ സ്കോർ 85 കടന്നിരുന്നു. അനായാസം കരിയറിൽ മറ്റൊരു സെഞ്ചുറി കൂടെ നേടാമായിരുന്നുവെങ്കിലും അതിന് ശ്രമിക്കാതിരുന്ന താരം തകർപ്പൻ ഫോമിലുള്ള ടോം ലാതത്തിന് സ്ട്രൈക്ക് കൈമാറികൊണ്ടിരിക്കുകയാണ് ചെയ്തത്.

ക്യാപ്റ്റൻ്റെ നിർദേശം പോലെ തന്നെ അതിവേഗം ബാറ്റ് ചെയ്ത ടോം ലാതം 17 പന്തുകൾ ബാക്കിനിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിൽ 221 റൺസാണ് നാലാം വിക്കറ്റിൽ കെയ്ൻ വില്യംസണും ടോം ലാതവും കൂട്ടിച്ചേർത്തത്.

ഏകദിന ക്രിക്കറ്റിൽ സ്വന്തം നാട്ടിലെ ന്യൂസിലൻഡിൻ്റെ തുടർച്ചയായ പതിമൂന്നാം വിജയമാണിത്. 2019 ഫെബ്രുവരിയ്ക്ക് ശേഷം ന്യൂസിലൻഡ് സ്വന്തം നാട്ടിൽ പരാജയപെട്ടിട്ടില്ല.