Skip to content

തകർപ്പൻ സെഞ്ചുറിയുമായി ടോം ലാതം, പിന്തുണ നൽകി കെയ്ൻ വില്യംസൺ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡിന് തകർപ്പൻ വിജയം. സെഞ്ചുറി നേടിയ ടോം ലാതത്തിൻ്റെയും ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെയും മികവിലാണ് 7 വിക്കറ്റിൻ്റെ അനായാസ വിജയം കിവികൾ കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 307 റൺസിൻ്റെ വിജയലക്ഷ്യം 47.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ഒരു ഘട്ടത്തിൽ 88 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മത്സരത്തിൽ ന്യൂസിലൻഡ് തിരിച്ചെത്തിയത്. മത്സരത്തിൽ വെറും 76 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ടോം ലാതം 103 പന്തിൽ 18 ഫോറും 5 സിക്സും ഉൾപ്പെടെ 145 റൺസ് അടിച്ചുകൂട്ടി. 98 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പടെ 96 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ താരത്തിന് മികച്ച പിന്തുണ നൽകി. 221 റൺസ് നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിചേർത്തു.

ഇന്ത്യയ്ക്ക് വേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്ക് രണ്ട് വിക്കറ്റ് നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 76 പന്തിൽ 80 റൺസ് നേടിയ ശ്രേയസ് അയ്യർ, 77 പന്തിൽ 72 റൺസ് നേടിയ ശിഖാർ ധവാൻ, 50 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 16 പന്തിൽ 37 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ, 38 പന്തിൽ 36 റൺസ് നേടിയ സഞ്ജു സാംസൺ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 306 റൺസ് നേടിയത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 1-0 ന് മുൻപിലെത്തി. ഞായറാഴ്ച്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.