Skip to content

ഇന്ത്യയെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! സ്വന്തം നാട്ടിൽ ന്യൂസിലൻഡ് അജയ്യർ നേടിയത് തുടർച്ചയായ പതിമൂന്നാം വിജയം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. 307 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയെങ്കിലും ടോം ലാതമിൻ്റെ സെഞ്ചുറി മികവിൽ വിജയലക്ഷ്യം ന്യൂസിലൻഡ് അനായാസം മറികടന്നു. തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെ വിമർശനങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ മത്സരത്തിൽ യുവനിരയുമായി എത്തിയ ഇന്ത്യയെ ഇത്രയധികം കുറ്റപെടുത്തേണ്ടതുണ്ടോ ? ഇതിന് മുൻപ് ശക്തമായ ടീമുമായി എത്തിയിട്ടും കിവികളെ ഏകദിനത്തിൽ കീഴ്പ്പെടുത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം തോൽവിയാണിത്.

മാത്രമല്ല ഏകദിനത്തിൽ ഹോമിൽ ന്യൂസിലൻഡ് നേടുന്ന തുടർച്ചയായ പതിമൂന്നാം വിജയമാണിത്. 2019 ന് ശേഷം സ്വന്തം നാട്ടിൽ ന്യൂസിലൻഡ് തോൽവി അറിഞ്ഞിട്ടില്ല.

മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. ഇന്ത്യ ഉയർത്തിയ 307 റൺസിൻ്റെ വിജയലക്ഷ്യം 17 പന്തുകൾ ബാക്കിനിൽക്കേ 145 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ലാതമിൻ്റെയും 94 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെയും മികവിൽ ന്യൂസിലൻഡ് മറികടന്നു. നവംബർ 27 ഞായറാഴ്ച്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ പരമ്പരയിൽ ഒപ്പമെത്തുന്നതിനൊപ്പം സ്വന്തം നാട്ടിലെ ന്യൂസിലൻഡിൻ്റെ വിജയതുടർച്ച അവസാനിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.