Skip to content

അവസാന എട്ട് ഇന്നിങ്സിൽ അഞ്ച് ഫിഫ്റ്റിയും സെഞ്ചുറിയും, ഏകദിന ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രേയസ് അയ്യർ

ഏകദിന ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ തുടർന്നുകൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യർ. ലഭിക്കുന്ന അവസരങ്ങൾ എല്ലാം തന്നെ വേണ്ടത്ര വിനിയോഗിച്ച താരം ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലും മികവ് പുലർത്തി.

കിവികൾക്കെതിരായ ആദ്യ ഏകദിനത്തിൽ 76 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പെടെ 80 റൺസ് താരം നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ തൻ്റെ അവസാന എട്ട് ഇന്നിങ്സിൽ ശ്രേയസ് അയ്യർ നേടുന്ന അഞ്ചാമത്തെ ഫിഫ്റ്റിയാണിത്. ഒരു സെഞ്ചുറിയും താരം അവസാന എട്ട് ഇന്നിങ്സിൽ നേടി.

ഏകദിന ക്രിക്കറ്റിൽ ഈ വർഷം 9 ഇന്നിങ്സിൽ നിന്നും 59.42 ശരാശരിയിൽ 97.65 ശരാശരിയിൽ ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും ഉൾപ്പടെ 416 റൺസ് ശ്രേയസ് അയ്യർ നേടിയിട്ടുണ്ട്.

ഐസിസി ഏകദിന ലോകകപ്പ് അടുത്ത വർഷം നടക്കാനിരിക്കെ ടീമിൽ ഇടം നേടാനുള്ള മത്സരത്തിലാണ് താരങ്ങൾ. ശ്രേയസ് അയ്യർക്കൊപ്പം സഞ്ജു സാംസണും ശുഭ്മാൻ ഗില്ലും ഈ വർഷം തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ശുഭ്മാൻ ഗിൽ എട്ട് ഇന്നിങ്സിൽ നിന്നും ഈ വർഷം 58.28 ശരാശരിയിൽ 408 റൺസ് നേടിയപ്പോൾ സഞ്ജു 9 ഇന്നിങ്സിൽ നിന്നും 71.00 ശരാശരിയിൽ 284 റൺസ് നേടിയിട്ടുണ്ട്.