Skip to content

തകർച്ചയിൽ നിന്നും കരകയറ്റി അയ്യരും സഞ്ജുവും, അവസാന ഓവറുകളിൽ തകർത്തടിച്ച് സുന്ദർ, ഇന്ത്യയ്ക്ക് മികച്ച സ്കോർ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച സ്കോർ കുറിച്ച് ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഒരു ഘട്ടത്തിൽ സമ്മർദ്ദത്തിലായ ഇന്ത്യ അയ്യരുടെ ഫിഫ്റ്റി മികവിലാണ് മികച്ച സ്കോർ നേടിയത്.

മികച്ച തുടക്കമാണ് ധവാനും ശുഭ്മാനും ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 124 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗിൽ 50 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ശിഖാർ ധവാൻ 77 പന്തിൽ 72 റൺസ് നേടി മികവ് പുലർത്തി. തൊട്ടടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി ന്യൂസിലൻഡ് മത്സരത്തിൽ തിരിച്ചെത്തി. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റൻ പന്തിനും മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവിനും മികവ് പുലർത്താൻ സാധിക്കാതിരുന്നതോടെ ഇന്ത്യ സമ്മർദ്ദത്തിലായി.

റിഷഭ് പന്ത് 23 പന്തിൽ 15 റൺസ് നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവിന് 4 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. പിന്നീട് ക്രീസിലെത്തിയ സഞ്ജു ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചു. അഞ്ചാം വിക്കറ്റിൽ 94 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. സഞ്ജു 38 പന്തിൽ 36 റൺസ് നേടി പുറത്തായപ്പോൾ അവസാന ഓവർ വരെ പൊരുതിയ ശ്രേയസ് അയ്യർ 75 പന്തിൽ 80 റൺസ് നേടി പുറത്തായി.

സഞ്ജുവിന് ശേഷം ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദർ തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 300 കടന്നത്. 16 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 37 റൺസ് താരം നേടി.