Skip to content

വരവറിയിച്ച് ജമ്മു എക്സ്പ്രസ്സ്, അരങ്ങേറ്റത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് : വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിൽ തൻ്റെ അരങ്ങേറ്റ മത്സരത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ യുവ പേസർ ഉമ്രാൻ മാലിക്ക്. ന്യൂസിലൻഡ് ഓപ്പണർ ഡെവൻ കോൺവേയെ പുറത്താക്കിയാണ് ഉമ്രാൻ മാലിക്ക് ഏകദിന ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് ആഘോഷിച്ചത്.

പവർപ്ലേയ്‌ക്ക് ശേഷം പന്തെറിയാനെത്തിയ ഉമ്രാൻ മാലിക്ക് ആദ്യ ഓവറുകളിൽ തന്നെ വേഗതകൊണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചിരുന്നു. രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തും 150 കിലോമീറ്റർ വേഗതയിലാണ് താരം എറിഞ്ഞത്.

ആദ്യ രണ്ടോവറിൽ 9 റൺസ് വഴങ്ങിയ താരം തൻ്റെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് 24 റൺസ് നേടിയ ഡെവൻ കോൺവേയെ പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ ഡാരൽ മിച്ചലിനെതിരെ 153.1 kph വേഗതയിലാണ് ഉമ്രാൻ മാലിക്ക് പന്തെറിഞ്ഞത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടിയിരുന്നു. 76 പന്തിൽ 80 റൺസ് നേടിയ ശ്രേയസ് അയ്യർ, 72 റൺസ് നേടിയ ശിഖാർ ധവാൻ, 50 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 16 പന്തിൽ പുറത്താകാതെ 37 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ, 36 റൺസ് നേടിയ സഞ്ജു സാംസൺ എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ കുറിച്ചത്.