Skip to content

മാറ്റമില്ലാതെ റിഷഭ് പന്തും ഇഷാൻ കിഷനും ഗോൾഡൻ ഡക്കായി അയ്യർ

വീണ്ടും നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷഭ് പന്തും. സഞ്ജുവിന് മുൻപേ ബിസിസിഐ പരിഗണിച്ച ഇരുവർക്കും ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിലും തിളങ്ങാൻ സാധിച്ചില്ല.

ഇഷാൻ 11 പന്തിൽ 10 റൺസ് നേടി പുറത്തായപ്പോൾ റിഷഭ് പന്ത് 5 പന്തിൽ 11 റൺസ് നേടിയാണ് പുറത്തായത്. ഇഷാൻ കിഷനെ ആദം മിൽനെയും പന്തിനെ ടിം സൗത്തീയുമാണ് പുറത്താക്കിയത്. പന്ത് പുറത്തായ തൊട്ടടുത്ത പന്തിൽ ശ്രേയസ് അയ്യരിനെയും ടിം സൗത്തീ മടക്കി. കഴിഞ്ഞ മത്സരത്തിൽ ഇഷാൻ കിഷൻ 31 പന്തിൽ 36 റൺസ് നേടി പുറത്തായപ്പോൾ പന്ത് 13 പന്തിൽ 6 റൺസ് നേടിയാണ് പുറത്തായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 19.4 ഓവറിൽ 160 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ 130 ന് 2 എന്ന ശക്തമായ നിലയിൽ നിന്നാണ് ന്യൂസിലൻഡ് തകർന്നടിഞ്ഞത്.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് നാലോവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റും അർഷ്ദീപ് സിങ് നാലോവറിൽ 37 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി.