Skip to content

പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ ടീമിന് വേണ്ടി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതാദ്യമായിട്ടാകും ഒരു ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിൽ പാചകക്കാരനെ നിയമിക്കുന്നത്. പക്ഷേ ഇംഗ്ലണ്ടിൻ്റെ തീരുമാനത്തിന് പിന്നിൽ ചില കാരണമുണ്ട്.

ടി20 ലോകകപ്പിന് മുൻപായി 7 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലെത്തിയിരുന്നു. മത്സരം നടക്കുന്ന വേദിയിൽ ലഭിച്ച ഭക്ഷണത്തെ കുറിച്ച് കളിക്കാരും സപ്പോർട്ട് സ്റ്റാഫും അന്ന് പരാതികൾ പങ്കുവെച്ചിരുന്നു. ചില താരങ്ങൾക്ക് ഭക്ഷണം കഴിച്ചതുമൂലം ശാരീരിക അസ്വസ്ഥകളും നേരിട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പര്യടനത്തിൽ സ്വന്തം പാചകക്കാരനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിൻ്റെ ഫുട്ബോൾ ടീമിന് വേണ്ടി 2018 ലോകകപ്പിലും യൂറോ കപ്പിലും ഇതേ ജോലി ചെയ്ത ഷെഫിനെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും നിയമിച്ചിരിക്കുന്നത്.

നേരത്തെ 7 മത്സരങ്ങളുടെ ടി20 പരമ്പര 4-3 ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഡിസംബർ ഒന്നിനാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ബെൻ സ്റ്റോക്സിൻ്റെയും ബ്രണ്ടൻ മക്കല്ലത്തൻ്റെയും കീഴിലുള്ള ടെസ്റ്റ് ടീമിൻ്റെ ആദ്യ വിദേശ പര്യടനം കൂടിയാണിത്.