Skip to content

കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി ഐസിസി

ഐസിസി ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2024 ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ 20 ടീമുകൾ മാറ്റുരയ്ക്കും.

ക്രിക്കറ്റ് ആരാധകർ ആഗ്രഹിച്ച പോലെ കൂടുതൽ ടീമുകളെ ഉൾക്കൊള്ളിച്ച ഐസിസി കഴിഞ്ഞ ലോകകപ്പുകളിലുണ്ടായിരുന്ന ആദ്യ റൗണ്ട്, സൂപ്പർ 12 റൗണ്ടുകൾ എടുത്തുമാറ്റി. പകരം നാല് ഗ്രൂപ്പുകളായി 20 ടീമുകൾ ടൂർണ്ണമെൻ്റിൽ മാറ്റുരയ്ക്കും. ഇതോടെ അസോസിയേറ്റ് രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലോകകപ്പിൽ ഉറപ്പാക്കുവാൻ സാധിക്കും. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകൾ വീതമാണ് ഉണ്ടാവുക.

ഗ്രൂപ്പ് ഘട്ടത്തിൽ നാല് ഗ്രൂപ്പുകളിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ 8 ലേക്ക് യോഗ്യത നേടും. ഈ എട്ട് ടീമുകളെ വീണ്ടും നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കും. ഈ പോരാട്ടത്തിൽ മുൻപിലെത്തുന്ന നാല് ടീമുകളായിരിക്കും സെമിഫൈനലിലേക്ക് യോഗ്യത നേടുക.

ഇക്കുറി 55 മത്സരങ്ങൾ ലോകകപ്പിലുണ്ടാകും. ആതിഥേയരായ അമേരിക്കയും വെസ്റ്റിൻഡീസും ലോകകപ്പിലേക്ക് യോഗ്യത നേടി. കഴിഞ്ഞ ലോകകപ്പിൽ സൂപ്പർ 12 ൽ മുൻപിലെത്തിയ എട്ട് ടീമുകളും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഐസിസി ടി20 ലോകകപ്പിൽ ആദ്യ പത്തിലുള്ള ബംഗ്ളാദേശും അഫ്ഗാനിസ്ഥാനും യോഗ്യത നേടി.

ഐസിസി ടി20 ലോകകപ്പിലേക്ക് ഇതിനോടകം യോഗ്യത നേടിയ ടീമുകൾ ; വെസ്റ്റിൻഡീസ്, യു എസ് എ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ഇന്ത്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, നെതർലൻഡ്സ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്

ഗ്ലോബൽ ക്വാളിഫയറിലൂടെയാകും മറ്റുള്ള എട്ട് ടീമുകൾക്ക് യോഗ്യത നൽകുക. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നും രണ്ട് വീതം ടീമുകൾക്കും അമേരിക്ക, ഈസ്റ്റ് ഏഷ്യ പസിഫിക്കിൽ നിന്നും ഓരോ ടീമുകൾ വീതം യോഗ്യത നേടും.