Skip to content

ലോകകപ്പിലെ മോശം പ്രകടനം, വിൻഡീസിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് നിക്കോളാസ് പൂരൻ

ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ വെസ്റ്റിൻഡീസ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ. രണ്ട് തവണ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു.

ആദ്യ റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിൻഡീസിന് വിജയിക്കാൻ സാധിച്ചത്. സിംബാബ്‌വെയ്ക്കെതിരെ വിജയിച്ച വെസ്റ്റിൻഡീസ് മറ്റ് രണ്ട് മത്സരങ്ങളിൽ സ്കോട്ലൻഡിനോടും അയർലൻഡിനോടും പരാജയപെട്ടിരുന്നു. പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമാണ് നിക്കോളാസ് പൂരനെ വെസ്റ്റിൻഡീസ് വൈറ്റ് ബോൾ ഫോർമാറ്റിൽ ക്യാപ്റ്റനായി നിയമിച്ചത്. 17 ഏകദിന മത്സരങ്ങളിലും 23 ടി20 മത്സരങ്ങളിലും താരം വിൻഡീസിനെ നയിച്ചിട്ടുണ്ട്.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് പരാജയം സമ്മതിക്കലല്ലെന്നും ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒരു ബഹുമതിയായി തന്നെയാണ് താൻ കാണുന്നതെന്നും ടീമിലെ സീനിയർ താരമെന്ന നിലയിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഒരു പ്ലേയർ എന്ന നിലയിൽ ടീമിന് വേണ്ടി സംഭാവന ചെയ്യുവാൻ താനിനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിക്കോളാസ് പൂരൻ പറഞ്ഞു.

ടീമിൻ്റെ അടുത്ത ക്യാപ്റ്റൻ ആരാകുമെന്ന് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റോവ്മാൻ പവലിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.