Skip to content

സൂര്യയുടെ സെഞ്ചുറി, മികവ് പുലർത്തി ബൗളർമാർ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൂര്യകുമാർ യാദവിൻ്റെ സെഞ്ചുറി മികവിൽ മത്സരത്തിൽ 65 റൺസിനാണ് ഇന്ത്യ വിജയം കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് 18.4 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 52 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രമേ ന്യൂസിലൻഡ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി ദീപക് ഹൂഡ നാല് വിക്കറ്റും മൊഹമ്മദ് സിറാജ്, യുസ്വെന്ദ്ര ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ നേടിയത്. 49 പന്തിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയ സൂര്യകുമാർ യാദവ് 51 പന്തിൽ 11 ഫോറും 7 സിക്സും ഉൾപ്പടെ പുറത്താകാതെ 111 റൺസ് നേടി. മറ്റുള്ള ബാറ്റ്സ്മാന്മാർക്ക് 69 പന്തിൽ വെറും 68 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്.

ന്യൂസിലൻഡിന് വേണ്ടി ടിം സൗത്തീ അവസാന ഓവറിൽ ഹാട്രിക്ക് അടക്കം മൂന്ന് വിക്കറ്റും ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റും നേടി. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നവംബർ 22 നാണ് പരമ്പരയിലെ അവസാന മത്സരം.