Skip to content

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പമാണ് സൂര്യകുമാർ യാദവ് സ്ഥാനം പിടിച്ചത്.

മത്സരത്തിൽ 49 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ സൂര്യകുമാർ യാദവ് 51 പന്തിൽ പുറത്താകാതെ 111 റൺസ് അടിച്ചുകൂട്ടിയിരുന്നു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഈ വർഷം സൂര്യകുമാർ യാദവ് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. ഇതിന് മുൻപ് ഈ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നോട്ടിങ്ഹാമിൽ 55 പന്തിൽ 117 റൺസ് സൂര്യകുമാർ യാദവ് നേടിയിരുന്നു.

ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇതിന് മുൻപ് ഓരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ. 2018 ൽ വെസ്റ്റിൻഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും രോഹിത് ശർമ്മ സെഞ്ചുറി നേടിയിരുന്നു.

രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഉൾപ്പടെ നാല് താരങ്ങൾ മാത്രമാണ് ഫുൾ മെമ്പർ രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്രാ ടി20 ക്രിക്കറ്റിൽ ഒരു വർഷം രണ്ട് സെഞ്ചുറി നേടിയിട്ടുള്ളത്. ന്യൂസിലൻഡ് താരം കോളിൻ മൺറോയും സൗത്താഫ്രിക്കൻ താരം റിലീ റൂസ്സോയുമാണ് ഒരു വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ചുറി നേടിയിട്ടുള്ള മറ്റു താരങ്ങൾ.