Skip to content

മറ്റൊരു വിഡിയോ ഗെയിം ഇന്നിങ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലി. ഇരു ടീമിലെ മറ്റു ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ മറ്റൊരു പിച്ചിലാണ് താൻ ബാറ്റ് ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു സൂര്യകുമാർ യാദവിൻ്റെ പ്രകടനം.

49 പന്തിൽ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് 51 പന്തിൽ 11 ഫോറും 7 സിക്സും ഉൾപ്പടെ 217.65 സ്ട്രൈക്ക് റേറ്റിൽ 111 റൺസ് നേടിയിരുന്നു. മത്സരത്തിൽ മറ്റുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ 69 പന്തിൽ 69 റൺസ് നേടിയപ്പോൾ ന്യൂസിലൻഡ് ബാറ്റ്സ്മാന്മാർക്ക് 113 പന്തിൽ 104.42 സ്ട്രൈക്ക് റേറ്റിൽ 118 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

” നമ്മുടെ ഒന്നാം നമ്പറുക്കാരൻ എന്തുകൊണ്ടാണ് താൻ ലോകത്തിലെ ഏറ്റവും മികച്ചവനെന്ന് തെളിയിക്കുന്നു. ലൈവായി മത്സരം കാണാൻ കഴിഞ്ഞില്ല. പക്ഷേ ഇതവൻ്റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിങ്സായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്. ” വിരാട് കോഹ്ലി ട്വിറ്ററിൽ കുറിച്ചു.

ഈ വർഷം 30 ഇന്നിങ്സിൽ നിന്നും 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും അടക്കം 47.95 ശരാശരിയിൽ 188.37 സ്ട്രൈക്ക് റേറ്റിൽ 1151 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.