Skip to content

ഇന്ത്യ പുറത്താകാൻ കാരണം ബൗളർമാരല്ല, രോഹിത് ശർമ്മയെ തിരുത്തി ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്

ഐസിസി ടി20 ലോകകപ്പ് സെമിഫൈനൽ ഇന്ത്യ പരാജയപെടുവാൻ കാരണം ബൗളർമാരല്ലെന്ന് ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്. സെമിഫൈനലിലെ തോൽവിക്ക് പുറകെ ബൗളർമാരെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ളവർ പഴിചാരിയത്. എന്നാൽ പുറത്താകാൻ കാരണം ഇന്ത്യയുടെ ബൗളർമാരല്ലെന്ന് മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച് കൂടിയായ അലക്സ് ഹെയ്ൽസ് തുറന്നുപറഞ്ഞു.

സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റൺസിൻ്റെ വിജയലക്ഷ്യമാണ് ഏറ്റവും മികച്ച ബാറ്റിങ് നിരയുള്ള ഇംഗ്ലണ്ടിനെതിരെ ഉയർത്തിയത്. അലക്സ് ഹെയ്ൽസ്, ജോസ് ബട്ട്ലർ എന്നിവരുടെ തകർപ്പൻ ബാറ്റിങ് മികവിൽ വെറും 16 ഓവറിൽ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു.

” അഡ്ലെയ്ഡിൽ 170 റൺസ് പിന്തുടരുകയെന്നത് വളരെ എളുപ്പമാണ്. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും പവർപ്ലേയിൽ ആക്രമിച്ച താളം ഞാനും ജോസും തുടർന്നു. തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സാഹചര്യങ്ങൾ ഞങ്ങളെ നല്ലതുപോലെ പിന്തുണച്ചു. ഇന്ത്യയുടേത് മോശം ബൗളിങായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. അവരുടെ ബാറ്റിങ് നിര ഉയർത്തിയത് ഞങ്ങൾക്ക് പിന്തുടരാവുന്ന വിജയലക്ഷ്യമായിരുന്നു. ” അലക്സ് ഹെയ്ൽസ് പറഞ്ഞു.

” തുറന്നുപറഞ്ഞാൽ ഇന്ത്യ 30 റൺസ് കുറവായിരുന്നു നേടിയിരുന്നത്. ഇരു വശത്തും ചെറിയ ബൗണ്ടറികളായതിനാൽ അഡ്ലെയ്ഡ് ഉയർന്ന സ്കോറുകൾ ഉണ്ടാകുന്ന ഗ്രൗണ്ടാണ്. 160 അല്ലെങ്കിൽ 170 റൺസ് ആ ഗ്രൗണ്ടിൽ പിന്തുടരുന്നത് എളുപ്പമാണ്. ക്രെഡിറ്റ് നൽകേണ്ടത് ഞങ്ങളുടെ ബൗളർമാർക്കാണ്. കാരണം ഇന്ത്യ 190 റൺസ് നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ” അലക്സ് ഹെയ്ൽസ് കൂട്ടിച്ചേർത്തു.