Skip to content

തകർപ്പൻ നേട്ടത്തിൽ കോഹ്ലിയെ പിന്നിലാക്കി സിക്കന്ദർ റാസയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ഇന്ത്യയ്ക്ക് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ കോഹ്ലിയെ പിന്നിലാക്കി സിക്കന്ദർ റാസയ്ക്കൊപ്പമെത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.

ഇന്ത്യ 65 റൺസിന് വിജയിച്ച മത്സരത്തിൽ പുറത്താകാതെ 111 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയിരുന്നു. ഈ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സൂര്യകുമാർ യാദവ് നേടി. ടി20 ക്രിക്കറ്റിൽ ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് നേടുന്ന ഏഴാമത്തെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡാണിത്.

ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമെന്ന നേട്ടത്തിൽ സിംബാബ്‌വെയുടെ സിക്കന്ദർ റാസയ്ക്കൊപ്പം സൂര്യകുമാർ യാദവെത്തി. 2016 ൽ 6 തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ വിരാട് കോഹ്ലിയെ പിന്നിലാക്കികൊണ്ടാണ് സിക്കന്ദർ റാസയ്ക്കൊപ്പം സൂര്യകുമാർ യാദവെത്തിയത്.

അന്താരാഷ്ട്ര ടി20 യിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് നേടിയത്. ഇതോടെ ഈ ഫോർമാറ്റിൽ ഒന്നിൽ കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്കും കെ എൽ രാഹുലിനുമൊപ്പം സൂര്യകുമാർ സ്ഥാനം പിടിച്ചു. രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20 യിൽ നാല് സെഞ്ചുറിയും കെ എൽ രാഹുൽ രണ്ട് സെഞ്ചുറിയും നേടിയിട്ടുണ്ട്.