Skip to content

അത് ഉടനെയുണ്ടാകും, ടെസ്റ്റ് ക്രിക്കറ്റിലും വരവറിയിക്കുമെന്ന് സൂചിപ്പിച്ച് സൂര്യകുമാർ യാദവ്

അധികം വൈകാതെതന്നെ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിൽ പകരക്കാരനായി സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിൽ ഇടംനേടിയിരുന്നുവെങ്കിലും അരങ്ങേറ്റം കുറിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യയ്ക്ക് വേണ്ടി 13 ഏകദിന മത്സരങ്ങളും 41 ടി20 മത്സരങ്ങളും കളിച്ച സൂര്യകുമാർ യാദവ് ഇതിനോടകം രണ്ട് ഫോർമാറ്റിലും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അധികം വൈകാതെ വെള്ളകുപ്പായത്തിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാകുമെന്ന് ന്യൂസിലൻഡിനെതിരായ മത്സരശേഷം താരം പറഞ്ഞു.

” ഞങ്ങൾ ക്രിക്കറ്റ് കളിച്ചുതുടങ്ങുന്നത് തന്നെ റെഡ് ബോളിലാണ്. മുംബൈ ടീമിന് വേണ്ടി ഞാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. അവിടെ ഞാൻ മോശമല്ല, ടെസ്റ്റ് ഫോർമാറ്റിനെ പറ്റി വേണ്ടത്ര അറിവ് എനിക്കുണ്ട്. ആ ഫോർമാറ്റും ഞാൻ ഏറെ ആസ്വദിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ടെസ്റ്റ് ക്യാപ് എന്നെ തേടിയെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” സൂര്യകുമാർ യാദവ് പറഞ്ഞു.

77 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ് 44.01 ശരാശരിയിൽ 14 സെഞ്ചുറിയും 26 ഫിഫ്റ്റിയും ഉൾപ്പടെ 5326 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച ഈ സമയത്തും കഴിഞ്ഞ രണ്ടോ മൂന്നോ വർഷം മുൻപത്തെ സാഹചര്യത്തെ പറ്റി താൻ ഓർക്കാറുണ്ടെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ കഴിഞ്ഞ രണ്ടോ മൂന്നോ മുൻപത്തെ സാഹചര്യത്തെ കുറിച്ചും ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ചും തങ്ങൾ സംസാരിക്കാറുണ്ടെന്നും ആ സാഹചര്യങ്ങൾ നിരാശ നിറഞ്ഞതായിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.