Skip to content

ഇത്രയും മണ്ടന്മാരാണോ, അവസാന ഓവറിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ, ടിം സൗത്തീയ്ക്ക് ഹാട്രിക്ക്

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് മികച്ച സ്കോർ മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂര്യയുടെ ഈ തകർപ്പൻ ബാറ്റിങ് മികവിലും ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ് അവസാന ഓവറിലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ സമീപനം.

മത്സരത്തിൽ പത്തൊമ്പതാം ഓവറിൽ തന്നെ 22 റൺസ് അടിച്ചുകൂട്ടി സൂര്യകുമാർ യാദവ് സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. എന്നാൽ ടിം സൗത്തീ എറിഞ്ഞ അവസാന ഓവറിൽ സൂര്യകുമാർ യാദവിന് സ്ട്രൈക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല ഓവറിൽ 5 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്.

ഓവറിലെ ആദ്യ രണ്ട് പന്തിൽ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഡബിൾ നേടുകയും മൂന്നാം പന്തിൽ സിക്സ് നേടാനുള്ള ശ്രമത്തിനിടെ പുറത്താവുകയും ചെയ്തു. പിന്നാലെ എത്തിയ ദീപക് ഹൂഡയും വാഷിങ്ടൺ സുന്ദറും സ്ട്രൈക്ക് സൂര്യകുമാർ യാദവിന് കൈമാറുന്നതിന് പകരം വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കുകയും ടിം സൗത്തീയ്ക്ക് ഹാട്രിക് സമ്മാനിച്ചുക്കൊണ്ട് പുറത്താവുകയും ചെയ്തു.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. വെറും 49 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ സൂര്യകുമാർ യാദവ് 51 പന്തിൽ 11 ഫോറും 7 സിക്സും ഉൾപ്പടെ പുറത്താകാതെ 111 റൺസ് നേടി. 31 പന്തിൽ 36 റൺസ് നേടിയ ഇഷാൻ കിഷനാണ് ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ രണ്ടാം ഹാട്രിക്കാണ് ടിം സൗത്തീ നേടിയത്. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒന്നിലധികം ഹാട്രിക് നേടുന്ന ബൗളറെന്ന നേട്ടത്തിൽ ലസിത് മലിംഗയ്ക്കൊപ്പം ടിം സൗത്തീയെത്തി.