Skip to content

സൂര്യ ദി ഹീറോ, ന്യൂസിലൻഡിനെ തകർപ്പൻ സെഞ്ചുറിയുമായി തകർത്താടി സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് സൂര്യകുമാർ യാദവ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്.

മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 49 പന്തിൽ നിന്നാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഫിഫ്റ്റി നേടുവാൻ 32 പന്തുകൾ വേണ്ടിവന്ന സൂര്യകുമാർ യാദവ് പിന്നീട് 50 റൺസ് നേടിയത് വെറും 17 പന്തിൽ നിന്നാണ്. മത്സരത്തിൽ 51 പന്തിൽ പുറത്താകാതെ 11 ഫോറും 7 സിക്സും ഉൾപ്പടെ 111 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി. പക്ഷേ അവസാന ഓവറിൽ ഒരു പന്ത് പോലും നേരിടാൻ സൂര്യകുമാർ യാദവിന് സാധിച്ചില്ല.

അവസാന ഓവറിലെ ആദ്യ രണ്ട് പന്തിൽ ഹാർദിക്ക് പാണ്ഡ്യ ഡബിൾ ഓടിയപ്പോൾ പിന്നീടുള്ള തുടർച്ചയായ മൂന്ന് പന്തുകളിൽ പാണ്ഡ്യ, ഹൂഡ, വാഷിങ്ടൺ സുന്ദർ എന്നിവരെ പുറത്താക്കി ടിം സൗത്തീ ഹാട്രിക് നേടി. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ഇന്ത്യ നേടി.

ഇതിന് മുൻപ് ഈ വർഷം ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലും സൂര്യകുമാർ യാദവ് സെഞ്ചുറി നേടിയിരുന്നു.