Skip to content

ഞങ്ങളുടെ സ്റ്റേഡിയങ്ങൾ കല്യാണ മണ്ഡപങ്ങളായി, പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഒരുകാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2009 ൽ ശ്രീലങ്കൻ ടീമിനെതിരെ ഉണ്ടായ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലുണ്ടായ പ്രതിസന്ധികളെ കുറിച്ചാണ് മുൻ ക്യാപ്റ്റൻ അഫ്രീദി മനസ്സുതുറന്നത്.

2009 ൽ ലോകത്തെ നടുക്കിയ സംഭവം കടുത്ത പ്രതിസന്ധിയിലേക്കാണ് പാക് ക്രിക്കറ്റിനെ തള്ളിവിട്ടത്. സുരക്ഷാ ഭീഷണിയെ തുടർന്ന് മറ്റു രാജ്യങ്ങൾ പാകിസ്ഥാനിലേക്ക് പര്യടനം നടത്തുവാൻ വിസമ്മതിച്ചതോടെ സാമ്പത്തികമായി പാകിസ്ഥാൻ ക്രിക്കറ്റ് പരുങ്ങലിലായി. തങ്ങളുടെ മത്സരങ്ങൾ യു എ ഇയിലേക്ക് മാറ്റിയെങ്കിലും വേണ്ടത്ര പരസ്യവരുമാനമോ മറ്റോ പാകിസ്ഥാന് ലഭിച്ചിരുന്നില്ല. ആ സമയത്ത് തങ്ങളുടെ ക്രിക്കറ്റ് ഗ്രൗണ്ടുകൾ കല്യാണ മണ്ഡപങ്ങളാക്കി പോലും മാറ്റേണ്ടിവന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഷാഹിദ് അഫ്രീദി.

” ഞങ്ങളുടെ ഗ്രൗണ്ടുകൾ കല്യാണ മണ്ഡപങ്ങളായി മാറി. ഞങ്ങൾക്ക് ഞങ്ങളുടെ ഗ്രൗണ്ടിൽ കളിക്കണമായിരുന്നു. അത് പാകിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ച് കഠിനമായ കാലഘട്ടമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ കാണികളെ നഷ്ടമായി. അതിൽ നിന്ന് മാറ്റം കൊണ്ടുവരുന്നതിൽ ക്രിക്കറ്റ് ബോർഡും സർക്കാരും പ്രധാന പങ്ക് വഹിച്ചു. ”

” കൗണ്ടി ക്രിക്കറ്റിലും മറ്റു ലീഗുകളിലും പോയി കളിക്കുമ്പോൾ മറ്റു രാജ്യങ്ങളിലെ കളിക്കാരെ ഞങ്ങൾ ഇവിടുത്തെ സാഹചര്യത്തെ പറ്റി ബോധ്യപെടുത്താറുണ്ട്. ക്രിക്കറ്റ് ഇവിടെ തിരിച്ചെത്തിയപ്പോൾ അത് ഞങ്ങൾ കായിക പ്രേമികളായ രാജ്യമാണെന്നും ക്രിക്കറ്റ് കാണാനും കളിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന നല്ല സന്ദേശം അത് നൽകി. ” ഷാഹിദ് അഫ്രീദി പറഞ്ഞു.