Skip to content

ലോകകപ്പ് ഹീറോ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ലഹരിമരുന്ന് ഉപയോഗത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ട താരം ഐസിസി ടി20 ലോകകപ്പിന് മുൻപായാണ് ടീമിൽ തിരിച്ചെത്തിയത്. ലോകകപ്പിൽ താരം ടീമിൻ്റെ ഹീറോയാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ താരത്തെ പരസ്യമായി ശാസിച്ച് കൊണ്ട് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരിക്കുന്നത്. 2009 ൽ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രത്തിൻ്റെ പേരിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അടച്ചടക്ക കമ്മീഷൻ്റെ ഈ നടപടി. കൂട്ടുക്കാർക്കൊപ്പം പാർട്ടിയിൽ മുഖത്ത് കറുത്ത പെയിൻ്റ് അടിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. ഈ ചിത്രം പിന്നീട് പ്രമുഖ ഇംഗ്ലീഷ് മാധ്യമം പ്രസിദ്ധീകരിക്കുകയും വിവാദമാവുകയും അലക്സ് ഹെയ്ൽസ് പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ 3.3 നിർദേശം അലക്സ് ഹെയ്ൽസ് ലംഘിച്ചുവെന്ന് അച്ചടക്ക കമ്മീഷൻ അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് മുൻപും താരങ്ങളുടെ പഴയ പോസ്റ്റുകൾക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടപടി സ്വീകരിച്ചിരുന്നു. ടീമിലെ പേസൻ റോബിൻസനെതിരെ ഇത്തരത്തിൽ ഇ സി ബി നടപടി സ്വീകരിച്ചിരുന്നു.

ടി20 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്നും 42.40 ശരാശരിയിൽ 147.22 സ്ട്രൈക്ക് റേറ്റിൽ 212 റൺസ് അലക്സ് ഹെയ്ൽസ് നേടിയിരുന്നു. ഓയിൻ മോർഗൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് അലക്സ് ഹെയ്ൽസിന് ടീമിൽ തിരിച്ചെത്താൻ സാധിച്ചത്. അലക്സ് ഹെയ്ൽസിൻ്റെ തിരിച്ചുവരവിനെ ക്യാപ്റ്റനായിരിക്കെ മോർഗൻ ശക്തമായി എതിർത്തിരുന്നു.