Skip to content

ഇനിയുള്ളത് എൻ്റെ അവസാന 12 മാസങ്ങളായിരിക്കും, വിരമിക്കൽ സൂചന നൽകി ഓസ്ട്രേലിയൻ സൂപ്പർതാരം

അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പരയോടെ താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന സൂചന നൽകി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. 2024 ടി20 ലോകകപ്പിലും കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് മുൻപായി ക്രിക്കറ്റിലെ ദീർഘ ഫോർമാറ്റിൽ നിന്നും വിടവാങ്ങുമെന്നും വാർണർ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റായിരുന്ന വാർണർക്ക് സ്വന്തം നാട്ടിൽ വെച്ചുനടന്ന ഈ ലോകകപ്പിൽ മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. നാല് മത്സരങ്ങളിൽ 44 റൺസ് മാത്രമാണ് വാർണർ നേടിയത്.

” ടെസ്റ്റ് ക്രിക്കറ്റിനോട് ഞാൻ ആദ്യം വിടപറയേണ്ടിവരും. ടി20 ലോകകപ്പ് 2024 ലാണ്. ഏകദിന ലോകകപ്പ് അടുത്ത വർഷവും. ഇനിയുള്ളത് ടെസ്റ്റ് ക്രിക്കറ്റിലെ എൻ്റെ അവസാന 12 വർഷങ്ങളായിരിക്കും. പക്ഷേ വൈറ്റ് ബോൾ ക്രിക്കറ്റ് ഞാൻ ഇഷ്ടപെടുന്നു. ടി20 ക്രിക്കറ്റ് എനിക്കേറെ ഇഷ്ടമാണ്. 2024 ലേക്ക് എത്തുവാൻ ഞാൻ തീർച്ചയായും ശ്രമിക്കും. ” ഡേവിഡ് വാർണർ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ 7 പോയിൻ്റ് വീതമാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും ഓസ്ട്രേലിയയും നേടിയത്. പക്ഷേ നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഗ്രൂപ്പിൽ നിന്നും യോഗ്യത നേടുകയായിരുന്നു. ന്യൂസിലൻഡ് സെമിയിൽ പാകിസ്ഥാനെതിരെ വീണപ്പോൾ ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യയെയും ഫൈനലിൽ പാകിസ്ഥാനെയും പരാജയപെടുത്തി തങ്ങളുടെ രണ്ടാം ടി20 കിരീടം നേടി.