Skip to content

ഫൈനലിലെ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഗംഭീറിനും സംഗക്കാരയ്ക്കുമൊപ്പം ഇടം പിടിച്ച് ബെൻ സ്റ്റോക്സ്

മികച്ച പ്രകടനമാണ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കാഴ്ച്ചവെച്ചത്. കരുതലോടെ ബാറ്റ് വീശി സ്റ്റോക്സ് നേടിയ ഫിഫ്റ്റിയായിരുന്നു ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ വിജയം ഉറപ്പാക്കിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെൻ സ്റ്റോക്സ്.

ഫൈനലിൽ 49 പന്തിൽ പുറത്താകാതെ 5 ഫോറും ഒരു സിക്സും അടക്കം 52 റൺസ് ബെൻ സ്റ്റോക്സ് നേടിയിരുന്നു. ഇതോടെ ഏകദിന ലോകകപ്പ് ഫൈനലിലും ടി20 ലോകകപ്പ് ഫൈനലിലും ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ താരമായി ബെൻ സ്റ്റോക്സ് മാറി.

ഇതിന് മുൻപ് 2019 ൽ നടന്ന ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ ഫൈനൽ പോരാട്ടത്തിൽ 98 പന്തിൽ പുറത്താകാതെ 84 റൺസ് സ്റ്റോക്സ് നേടിയിരുന്നു. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയുമാണ് ഇതിനുമുൻപ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

2007 ൽ നടന്ന ടി20 ലോകപ്പ് ഫൈനലിലും 2011 ൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലും ഗൗതം ഗംഭീർ ഫിഫ്റ്റി നേടിയിരുന്നു. മറുഭാഗത്ത് 2007 ഏകദിന ലോകകപ്പ് ഫൈനലിലും 2014 ടി20 ലോകകപ്പ് ഫൈനലിലുമാണ് കുമാർ സംഗക്കാര ഫിഫ്റ്റി നേടിയത്.