Skip to content

അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിന് ഇപ്പോൾ ആവശ്യം ഒരു മികച്ച നേതാവിനെയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. ഇപ്പോൾ ഈ ലോകകപ്പിൽ നിന്നും പുറത്തായതോടെ ഐസിസി കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും തുടരുകയാണ്.

ഗാംഗുലിയ്ക്കും എം എസ് ധോണിയ്ക്കും ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയിരിക്കുകയാണ് ഷാഹിദ് അഫ്രീദി.

” ഇക്കാര്യങ്ങൾ ഇനിമുതൽ ശ്രദ്ധിക്കപെടും. പക്ഷേ നിങ്ങൾ വിജയിക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കപെടില്ല. ഇന്ന് ഇന്ത്യ പരാജയപെട്ടു. എല്ലാവരും ഇന്ത്യയുടെ തോൽവിയെ കുറിച്ച് പ്രതികരിക്കുന്നു. പക്ഷേ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഗാംഗുലിയ്ക്കും ധോണിയ്ക്കും ശേഷം ഇന്ത്യയ്ക്ക് മികച്ച നേതാവിനെ ലഭിച്ചിട്ടില്ലെന്ന് കാണാം. “

” ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ഒരാൾ, ധോണിക്ക് ശേഷം വിരാടിനെ പരീക്ഷിച്ചുവെങ്കിലും അവൻ അത്ര മികച്ച വിജയം നേടിയില്ല. ഇപ്പോൾ രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ, അവനും പ്രശംസിക്കേണ്ട പ്രകടനങ്ങൾ ഒന്നും തന്നെ പുറത്തെടുത്തതായി കാണുന്നില്ല. നേതാവിൻ്റെ പങ്ക് വളരെ വലുതാണ്, അവരുടെ പ്രകടനങ്ങൾ നിർണായകമാണ്. ഐ പി എൽ രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്നു. പുതിയ കളിക്കാരെ ലഭിക്കുന്നു. എന്നിട്ടും മികച്ച ടീമിനെ വാർത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ എൻ്റെ അഭിപ്രായത്തിൽ അവർ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. ” ഷാഹിദ് അഫ്രീദി പറഞ്ഞു.