Skip to content

പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യൻ ടി20 ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഇന്ത്യൻ ടീം കളിക്കുന്നത് പഴയ ശൈലിയിലാണെന്നും ആ ശൈലിയിൽ നിന്നും മാറേണ്ട സമയം അതിക്രമിച്ചുവെന്നും നാസർ ഹുസൈൻ പറഞ്ഞു.

” പവർപ്ലേയിലെ ഇരുടീമുകളുടെയും വൈരുദ്ധ്യം ഇത്രയും ഇനി വ്യക്തമാക്കേണ്ടതില്ല. ഇന്ത്യൻ ടോപ്പ് ഓർഡർ ഇപ്പോഴും കളിക്കുന്നത് പഴയ ശൈലിയിലാണെന്ന് ഞാൻ മുമ്പേ തന്നെ പറഞ്ഞിരുന്നു. അവരുടെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും അവർ മാറേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് സാംസാരിച്ചിരുന്നു. എന്നിട്ടും അവർ ഭീരുക്കളെ പോലെ കളിച്ചു. ”

” ഇംഗ്ലണ്ടിൻ്റെ ശക്തമായ ബാറ്റിങ് നിരയ്ക്കെതിരെ മികച്ച സ്കോർ നേടണമെന്ന് അറിയാമായിരുന്നിട്ടും അവർ കിതച്ചു. ഹാർദിക്ക് ഇല്ലായിരുന്നുവെങ്കിൽ വളരെ കുറഞ്ഞ സ്കോറിൽ ഒതുങ്ങിയേനെ. ” പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ നാസർ ഹുസൈൻ കുറിച്ചു.

” ഇത് വ്യക്തിപരമായ പ്രശ്നമല്ല, ടീമിൻ്റെ സമീപനത്തിലെ പ്രശ്നമാണ്. രോഹിത് ശർമ്മ ഏറ്റവും മികച്ച വൈറ്റ് ബോൾ ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. ലോകത്തിലെ ഏറ്റവും മികച്ച ടി20 കളിക്കാരുടെ ലിസ്റ്റ് എടുത്താൽ അതിൽ കെ എൽ രാഹുലുണ്ടാകും. അതിനൊപ്പം വിരാടും സൂര്യകുമാർ യാദവും, ഹാർദിക്കും പന്തും. അവരുടെ ബാറ്റിങ് ലൈനപ്പ് ലോകോത്തരമാണ്. ആ ബാറ്റിങ് നിര ഇന്നിങ്സിലെ ആദ്യ പകുതിയിൽ 66 റൺസിന് 2 എന്ന നിലയിലാകുവാൻ യാതൊരു വഴിയുമില്ല. ”

” അതിന് ശേഷം ഭുവനേശ്വർ കുമാർ പതിവ് പോലെ ജോസ് ബട്ട്ലറെ വീഴ്ത്തുമെന്ന് അവർ പ്രതീക്ഷിച്ചു. അത് സംഭവിച്ചില്ല. മറുവശത്ത് ഹെയ്ൽസും ഫോമിലെത്തിയതോടെ ഇന്ത്യയ്ക്ക് ഉത്തരമില്ലാതായി. ” മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.