Skip to content

വിരമിക്കണോ തുടരണോയെന്ന് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും തീരുമാനിക്കാം, ടി20 ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ

ഇന്ത്യൻ ടി20 ടീമിൽ ഇനി കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അടക്കമുള്ളവരുടെ ഭാവിയിൽ നിർണായക തീരുമാനം ബിസിസിഐ എടുത്തേക്കും.

ഇനി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന ടി20 മത്സരങ്ങൾ മാത്രമാണ് അടുത്ത വർഷം ടീമുകൾ കളിക്കുന്നത്. അതുകൊണ്ട് തന്നെ ടി20 തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ സീനിയർ താരങ്ങൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള അവസരം ബിസിസിഐ നൽകിയേക്കും. രവിചന്ദ്രൻ അശ്വിനും ദിനേശ് കാർത്തിക്കും തങ്ങളുടെ അവസാന ടി20 മത്സരങ്ങൾ കളിച്ചുകഴിഞ്ഞുവെന്നത് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. എന്നാൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടി20 ക്രിക്കറ്റിൽ തുടരുമോ അതോ 2024 ൽ നടക്കുന്ന ടി20 ലോകകപ്പിലും ഇരുവരും കളിക്കുമോ എന്ന കാര്യം തീർച്ചയായിട്ടില്ല.

ബിസിസിഐ ആരോടും വിരമിക്കുവാൻ ആവശ്യപെടില്ല എന്നുതന്നെയാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ടീമിലെ സീനിയർ താരങ്ങൾ ആരും തന്നെ ടി20 പരമ്പരകളിൽ കളിച്ചേക്കില്ല. പക്ഷേ ഇന്ത്യൻ ടി20 ടീമിൽ നിന്നും വിരമിച്ചാൽ അത് ഐ പി എല്ലിലെ ഭാവിയെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം ആരും എടുത്തേക്കില്ല.

ഇക്കാര്യം തന്നെയാണ് സെമിഫൈനലിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും പറഞ്ഞത്. സീനിയർ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഇനിയും രണ്ട് വർഷങ്ങൾ ഉണ്ടെന്നും രാഹുൽ ദ്രാവിഡ് അഭിപ്രായപെട്ടു.