Skip to content

നമ്മുടെ ഭാവി ക്യാപ്റ്റൻ, സെമിഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് രക്ഷകനായി ഹാർദിക് പാണ്ഡ്യ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ രക്ഷകനായി ഹാർദിക് പാണ്ഡ്യ. അഡ്ലെയ്ഡിൽ റൺസ് കണ്ടെത്താൻ മറ്റുള്ളവർ ബുദ്ധിമുട്ടിയപ്പോൾ ഹാർദിക് നേടിയ തകർപ്പൻ ഫിഫ്റ്റിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

മത്സരത്തിൽ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തിൽ തന്നെ കെ എൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ്മ 28 പന്തിൽ 27 റൺസും സൂര്യകുമാർ യാദവ് 10 പന്തിൽ 14 റൺസും നേടി പുറത്തായപ്പോൾ വിരാട് കോഹ്ലിയ്ക്കൊപ്പം ചേർന്ന് ഹാർദിക് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ 61 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. വിരാട് കോഹ്ലി 40 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യ 33 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പെടെ 63 റൺസ് നേടി. ആദ്യ പത്തോവറിൽ 62 റൺസ് മാത്രമാണ് ഇന്ത്യ നേടിയിരുന്നത്. പക്ഷേ പാണ്ഡ്യയുടെ മികവിൽ അവസാന പത്തോവറിൽ 106 റൺസ് ഇന്ത്യ നേടി. അവസാന അഞ്ചോവറിൽ 68 റൺസാണ് ഇന്ത്യ നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡിന് പകരക്കാരനായി എത്തിയ ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റും ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.