Skip to content

ഫൈനലിൽ ഇന്ത്യയെ നേരിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ തങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നത് ഇന്ത്യയെയാണെന്ന് പാകിസ്ഥാൻ ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്ഡൻ. സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്തുകൊണ്ടാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്.

സെമിയിൽ 7 വിക്കറ്റിനാണ് ന്യൂസിലൻഡിനെ പാകിസ്ഥാൻ പരാജയപെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 2009 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ടി20 ലോകകപ്പ് ഫൈനലിന് പ്രവേശിക്കുന്നത്.

ഫൈനലിൽ തങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നത് ഇന്ത്യയെയാണെന്ന് മത്സരശേഷം പാക് ബാറ്റിങ് കോച്ച് മാത്യൂ ഹെയ്ഡൻ തുറന്നുപറഞ്ഞു. അതിന് കാരണം കാഴ്ച്ചക്കാരുടെ എണ്ണം തന്നെയാണെന്നും ഹെയ്ഡൻ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം കാണുവാൻ 90293 പേർ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഫൈനൽ നടക്കുന്നത് മെൽബണിൽ തന്നെയായതിൽ ഒരു ലക്ഷത്തിലധികം കാണികളെയാണ് ഫൈനലിൽ പ്രതീക്ഷിക്കുന്നത്.

ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിൻ്റെയും മൊഹമ്മദ് റിസ്വാൻ്റെയും മികവിലാണ് പാകിസ്ഥാൻ സെമിഫൈനലിൽ വിജയിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 105 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ബാബർ അസം 53 റൺസ് നേടിയപ്പോൾ മൊഹമ്മദ് റിസ്വാൻ 43 പന്തിൽ 57 റൺസ് നേടി.