Skip to content

ഓസ്ട്രേലിയയെ വിറപ്പിച്ച് റാഷിദ് ഖാൻ, ഒടുവിൽ വിജയം കുറിച്ച് സെമി പ്രതീക്ഷ നിലനിർത്തി ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. വമ്പൻ വിജയം പ്രതീക്ഷിച്ചെത്തിയ ഓസ്ട്രേലിയയെ വിറപ്പിച്ച അഫ്ഗാനിസ്ഥാൻ അവസാന ഓവർ പോരാടിയാണ് പരാജയപെട്ടത്.

മത്സരത്തിൽ 169 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. 23 പന്തിൽ 3 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 48 റൺസ് നേടിയ റാഷിദ് ഖാൻ ഓസ്ട്രേലിയയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു. ഗുൽബാദിൻ 23 പന്തിൽ 39 റൺസും ഗർബാസ് 17 പന്തിൽ 30 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ്, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വിജയത്തോടെ കണക്കുകളിൽ സാധ്യതകൾ നിലനിർത്താൻ ഓസ്ട്രേലിയക്ക് സാധിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെ പരാജയപെടുത്തിയാൽ ഓസ്ട്രേലിയക്ക് സെമിയിൽ പ്രവേശിക്കാം. മറിച്ചാണെങ്കിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനൊപ്പം സെമിയിൽ പ്രവേശിക്കും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 32 പന്തിൽ പുറത്താകാതെ 54 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. വമ്പൻ സ്കോർ ലക്ഷ്യമാക്കി ഇറങ്ങിയ ഓസ്ട്രേലിയക്ക് അവസാന ഓവറുകളിൽ പ്രതീക്ഷിച്ച പോലെ റൺസ് കണ്ടെത്തുവാൻ സാധിച്ചില്ല.