Skip to content

ആവേശം അവസാന പന്ത് വരെ, ബംഗ്ലാദേശിനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷ ഇന്ത്യ സജീവമാക്കി. അഡ്ലെയ്ഡ് ഓവലിൽ നടന്ന ആവേശപോരാട്ടത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

മഴ തടസപെടുത്തിയ മത്സരത്തിൽ 16 ഓവറിൽ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടാനെ സാധിച്ചുള്ളൂ. മഴയ്ക്ക് മുൻപ് 185 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 7 ഓവറിൽ 66 റൺസ് നേടി നിൽക്കവെയാണ് മഴമൂലം കളി നിർത്തിവെച്ചത്.

ആ സമയത്ത് 17 റൺസ് മുൻപിലായിരുന്നു ബംഗ്ലാദേശ് ഉണ്ടായിരുന്നത്. തുടർന്ന് മഴമാറി കളി പുനരാരംഭിച്ചപ്പോൾ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി പുനർനിശ്ചയിക്കുകയായിരുന്നു. കളി പുനരാരംഭിച്ച ശേഷമുള്ള രണ്ടാം പന്തിൽ തന്നെ 27 പന്തിൽ 60 റൺസ് നേടിയ ലിറ്റൻ ദാസിനെ തകർപ്പൻ റണ്ണൗട്ടിലൂടെ കെ എൽ രാഹുൽ പുറത്താക്കിയതോടെയാണ് മത്സരത്തിൽ ഇന്ത്യ തിരിച്ചെത്തിയത്. പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തികൊണ്ട് ഇന്ത്യൻ ബൗളർമാർ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഫിഫ്റ്റി നേടിയ കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റേയും മികവിലാണ് മികച്ച സ്കോർ നേടിയത്. കോഹ്ലി 44 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ കെ എൽ രാഹുൽ 32 പന്തിൽ 50 റൺസ് നേടി. സൂര്യകുമാർ യാദവ് 16 പന്തിൽ 30 റൺസും രവിചന്ദ്രൻ അശ്വിൻ 6 പന്തിൽ 13 റൺസും നേടി.

നവംബർ ആറിന് സിംബാബ്‌വെയ്ക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം. പാകിസ്ഥാനെതിരെയാണ് ബംഗ്ലാദേശിൻ്റെ അവസാന മത്സരം.