Skip to content

ഇവൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ഐസിസി ടി20 ലോകകപ്പിൽ മോശം പ്രകടനമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഇന്നിങ്സിൽ നിന്നും 8 റൺസ് മാത്രമാണ് ബാബർ അസമിന് നേടുവാൻ സാധിച്ചത്. നെതർലൻഡ്സിനെതിരെ താരം പുറത്തായതിന് പുറകെ ഇന്ത്യൻ സ്‌പിന്നർ അമിത് മിശ്ര പങ്കുവെച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

കോഹ്ലിയുടെ മോശം ഫോമിനിടെ ബാബർ അസം തൻ്റെ അക്കൗണ്ടിൽ പങ്കുവെച്ച അതേ വാക്കുകളാണ് ബാബർ അസം പുറത്തായപ്പോൾ അമിത് മിശ്രയും പങ്കുവെച്ചത്. ഈ സമയവും കടന്നുപോകുമെന്ന ട്വീറ്റ് എന്നാൽ പാക് ആരാധകർക്ക് രസിച്ചില്ല. കോഹ്ലിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആത്മാർത്ഥമായി ബാബർ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ബാബറിനെ പരിഹസിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് മോശമാണെന്നും പാക് ആരാധകർ അമിത് മിശ്രയ്ക്ക് മറുപടിയായി കുറിച്ചിരുന്നു. അതിന് പിന്നാലെ അമിത് മിശ്രയുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.

” ഈ പറയുന്ന അമിത് മിശ്ര ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, അവൻ ബാറ്റ്സ്മാനാണോ അതോ സ്പിന്നറാണോ ? ” പ്രമുഖ പാക് മാധ്യമത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ സിംബാബ്‌വെയ്ക്കെതിരെയും നെതർലൻഡ്സിനെതിരെയും നാല് റൺസ് നേടിയാണ് ബാബർ പുറത്തായത്.