Skip to content

എൻ്റെ വിജയത്തെ ക്രെഡിറ്റ് നൽകേണ്ടത് അദ്ദേഹത്തിനാണ്, ഇന്ത്യൻ സീനിയർ താരത്തിനോട് നന്ദിപറഞ്ഞ് അർഷ്ദീപ് സിങ്

മികച്ച പ്രകടനമാണ് ഈ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ യുവപേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഇതിനോടകം 7 വിക്കറ്റ് താരം നേടികഴിഞ്ഞു. തൻ്റെ മികവിന് പിന്നിലെ ക്രെഡിറ്റ് നൽകേണ്ടത് ടീമിലെ സീനിയർ താരം ഭുവനേശ്വർ കുമാറിനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അർഷ്ദീപ് സിങ്.

മറുഭാഗത്ത് ഭുവനേശ്വർ കുമാർ റൺസ് അധികം വഴങ്ങാതെ പന്തെറിയുന്നത് കൊണ്ടാണ് തനിക്ക് അറ്റാക്ക് ചെയ്യാൻ പറ്റുന്നതെന്നും താൻ പന്തെറിയാൻ വരുമ്പോൾ തന്നെ ബാറ്റ്സ്മാന്മാർ സമ്മർദ്ദത്തിലാണെന്നും അർഷ്ദീപ് പറഞ്ഞു.

ഞങ്ങൾ ബാറ്റർമാരുടെ പോരായ്മകളെ കുറിച്ച് പഠിക്കുന്നു. തുടക്കത്തിൽ തന്നെ സ്വിങ് കണ്ടെത്തി ബാറ്റ്സ്മാന്മാരെ പുറത്താക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഭുവി ഭായ് റൺസ് അധികം വഴങ്ങാതെ ബൗൾ ചെയ്യുന്നതിനാൽ ബാറ്റർമാരെ ആക്രമിക്കുവാൻ എനിക്ക് സാധിക്കുന്നു. എൻ്റെ വിജയത്തിൻ്റെ ക്രെഡിറ്റ് നൽകേണ്ടത് അദ്ദേഹത്തിനാണ്. ബാറ്റർമാർ ഭുവി ഭായിക്കെതിരെ അവസരങ്ങൾ എടുക്കുന്നില്ല. അവർ എനിക്കെതിരെയാണ് റൺസ് സ്കോർ ചെയ്യുവാൻ ശ്രമിക്കുന്നത്. അതിനാൽ ഒരു കൂട്ടുകെട്ട് ഉണ്ടാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. ബാറ്റിങിൽ എന്നപോലെ ബൗളിങിലും കൂട്ടുകെട്ട് പ്രധാനമാണ്. – അർഷ് ദീപ് സിങ് പറഞ്ഞു.

ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 64 പന്തുകളാണ് ഭുവനേശ്വർ കുമാർ എറിഞ്ഞത്. ഇതിൽ 44 പന്തിലും റൺസ് നേടുവാൻ എതിർടീമിന് സാധിച്ചില്ല.