Skip to content

ഫീൽഡിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല, മത്സരത്തിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 5 വിക്കറ്റിൻ്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റിങിലെയും ഒപ്പം ബൗളിങിലെയും മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

” ഈ പിച്ച് പേസർമാർക്ക് അനുകൂലമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ വിജയലക്ഷ്യം പിന്തുടരുകയെന്നത് എളുപ്പമാകാതിരുന്നത്. ബാറ്റിങിൽ ഞങ്ങൾക്ക് മികവ് പുലർത്താൻ സാധിച്ചില്ല. പക്ഷേ ഞങ്ങൾ പോരാടി. എന്നാൽ സൗത്താഫ്രിക്ക ഇന്ന് മികച്ചവരായിരുന്നു. ”

” ഫീൽഡിങിൽ ഞങളുടെ പ്രകടനം മോശമായിരുന്നു. ഒരുപാട് അവസരങ്ങൾ ഞങ്ങൾ നൽകി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഫീൽഡിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചു. ലഭിച്ച അവസരങ്ങൾ വേണ്ടവിധം ഉപയോഗിക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. ചില റണ്ണൗട്ടുകൾ ഞങ്ങൾ നഷ്ടപെടുത്തി. ഈ മത്സരങ്ങളിലെ തെറ്റുകളിൽ നിന്നും പഠിക്കേണ്ടതുണ്ട്. ” രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 68 റൺസ് നേടിയ സൂര്യകുമാർ യാദവ് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങിൽ 134 റൺസിൻ്റെ വിജയലക്ഷ്യം 41 പന്തിൽ 52 റൺസ് നേടിയ ഐയ്ഡൻ മാർക്രം, 46 പന്തിൽ 59 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികവിൽ സൗത്താഫ്രിക്ക മറികടന്നു.