Skip to content

തിരിച്ചടിയായി ഫീൽഡിങിലെ പിഴവുകൾ, ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശ വിജയം. പെർത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 134 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ഡേവിഡ് മില്ലറിൻ്റെയും ഐയ്ഡൻ മാർക്രത്തിൻ്റെയും മികവിലാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്.

മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് സൗത്താഫ്രിക്കയ്ക്ക് നഷ്ടപെട്ടിരുന്നു. പക്ഷേ പിന്നീട് ഫീൽഡിങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുളളവർ വരുത്തിയ പിഴവുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്ത ഐയ്ഡൻ മാർക്രവും ഡേവിഡ് മില്ലറും ചേർന്നാണ് സൗത്താഫ്രിക്കയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.

ഐയ്ഡൻ മാർക്രം 41 പന്തിൽ 52 റൺസ് നേടിയ പുറത്തായപ്പോൾ ഡേവിഡ് മില്ലർ 46 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. 40 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പടെ 68 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി നാല് വിക്കറ്റും വെയ്ൻ പാർനൽ രണ്ട് വിക്കറ്റും നോർകിയ ഒരു വിക്കറ്റും നേടി. നവംബർ രണ്ടിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബർ മൂന്നിന് പാകിസ്ഥാനെതിരെയാണ് സൗത്താഫ്രിക്കയുടെ അടുത്ത മത്സരം.