Skip to content

വൈസ് ക്യാപ്റ്റനെ പുറത്താക്കേണ്ടി വരുമോ, വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

ഐസിസി ടി20 ലോകകപ്പിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് പെർത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിൽ താരം കാഴ്ച്ചവെച്ചത്. സ്വയം പുറത്താകുന്നതിനൊപ്പം കെ എൽ രാഹുലിൻ്റെ മോശം പ്രകടനം ക്യാപ്റ്റൻ രോഹിത് ശർമ്മയെയും സമ്മർദ്ദത്തിലാക്കി പുറത്താകലിലേക്ക് വഴിവെച്ചു.

വെയ്ൻ പാർനൽ എറിഞ്ഞ ആദ്യ ഓവർ മെയ്ഡൻ ആക്കികൊണ്ടാണ് കെ എൽ രാഹുൽ തുടങ്ങിയത്. പിന്നീട് മൂന്നാം ഓവറിൽ സിക്സ് നേടിയെങ്കിലും പിന്നീട് താരത്തിന് ബൗണ്ടറി കണ്ടെത്താൻ സാധിച്ചില്ല. 14 പന്തിൽ 9 റൺസ് നേടിയ താരത്തെയും ലുങ്കി എൻകീഡിയാണ് പുറത്താക്കിയത്. അതേ ഓവറിലെ രണ്ടാം പന്തിൽ രോഹിത് ശർമ്മയെയും എൻകീഡി പുറത്താക്കിയിരുന്നു.

കഴിഞ്ഞ രണ്ട് വർഷം അന്താരാഷ്ട്ര ടി20 യിൽ പവർപ്ലേയിൽ കെ എൽ രാഹുലിൻ്റെ സ്ട്രൈക്ക് റേറ്റ് 114 മാത്രമാണ്. കഴിഞ്ഞ ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ പ്രകടനം മാറ്റിനിർത്തിയാൽ അത് 105 ആയി കുറയും.

പാകിസ്ഥാനെതിരായ മത്സരത്തിൽ 8 പന്തിൽ 4 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. നെതർലൻഡ്സിനെതിരായ മത്സരത്തിലാകട്ടെ 12 പന്തിൽ 9 റൺസ് നേടി കെ എൽ പുറത്തായി.

മത്സരത്തിൽ പവർപ്ലേയിൽ 33 റൺസ് നേടുവാൻ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. പവർപ്ലേയ്ക്ക് പുറകെ തൊട്ടടുത്ത ഓവറിൽ മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും പുറത്തായി.