Skip to content

നന്ദി പറയേണ്ടത് നെതർലൻഡ്സിനോട്, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് പാകിസ്ഥാൻ

നെതർലൻഡ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം നേടി പാകിസ്ഥാൻ. മത്സരത്തിലെ വിജയത്തോടെ ഒടുവിൽ തങ്ങളുടെ പേരിലുണ്ടായിരുന്ന നാണക്കേട് പാകിസ്ഥാൻ അവസാനിപ്പിച്ചിരിക്കുകയാണ്.

പെർത്തിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 91 റൺസിൽ ചുരുക്കികെട്ടിയ പാകിസ്ഥാൻ 92 റൺസിൻ്റെ വിജയലക്ഷ്യം 13.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.39 പന്തിൽ 49 റൺസ് നേടിയ മൊഹമ്മദ് റിസ്വാനാണ് പാകിസ്ഥാൻ നിരയിലെ ടോപ്പ് സ്കോറർ. റൺ റേറ്റ് വർധിപ്പിക്കാൻ ലഭിച്ച മികച്ച അവസരമായിരുന്നുവെങ്കിലും അത് വേണ്ടവിധം ഉപയോഗിക്കാൻ പാകിസ്ഥാന് സാധിച്ചില്ല.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയൻ മണ്ണിലെ തങ്ങളുടെ ആദ്യ വിജയമാണ് പാകിസ്ഥാൻ ഇന്ന് നേടിയത്. ഇതിന് മുൻപ് ഓസ്ട്രേലിയയിൽ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും പാകിസ്ഥാൻ പരാജയപെട്ടിരുന്നു. ഒരു മത്സരം റിസൾട്ട് ഇല്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിനെ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഷദാബ് ഖാൻ, രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് വാസിം എന്നിവരുടെ മികവിലാണ് പാകിസ്ഥാൻ ചുരുക്കികെട്ടിയത്. മത്സരത്തിലെ വിജയത്തോടെ സെമിഫൈനലിൽ നേരിയ പ്രതീക്ഷകൾ വെച്ചുപുലർത്താൻ പാകിസ്ഥാന് സാധിച്ചു. പക്ഷേ ഇന്ത്യൻ ടീമിൻ്റെ സഹായത്തോടെ മാത്രമേ യോഗ്യത ഉറപ്പാക്കുവാൻ പാകിസ്ഥാന് സാധിക്കൂ.