Skip to content

അവസാന ഓവറിൽ വീണ്ടും നാടകീയത, ഒടുവിൽ ആവേശ വിജയം കുറിച്ച് ബംഗ്ലാദേശ്

ഐസിസി ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ 3 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 42 പന്തിൽ 64 റൺസ് നേടിയ സീൻ വില്യംസും 27 റൺസ് നേടിയ റയാൻ ബേളും മാത്രമാണ് തിളങ്ങിയത്.

നാടകീയ രംഗങ്ങൾക്കൊടുവിലാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയം കുറിച്ചത്. അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ മൊസഡെക് ഹോസൈൻ എറിഞ്ഞ പന്ത് കണക്ട് ചെയ്യുവാൻ മുസാരബനിയ്ക്ക് സാധിച്ചില്ല. വിജയം നേടിയെന്ന് കരുതി ബംഗ്ലാദേശ് താരങ്ങൾ സെലിബ്രേറ്റ് ചെയ്യുകയും ഇരുടീമിലെയും താരങ്ങൾ കൈകൊടുത്ത് കൊണ്ട് പിരിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അത് നോ ബോൾ ആയിരുന്നുവെന്ന് അമ്പയർമാർ വിധിച്ചത്. വിക്കറ്റ് കീപ്പർ സ്റ്റമ്പിന് മുന്നിൽ നിന്നുകൊണ്ട് പന്ത് പിടിച്ചതാണ് നോ ബോളിലേക്ക് വഴിവെച്ചത്.

കളിക്കളത്തിൽ നിന്നും മടങ്ങിയ താരങ്ങൾ അക്ഷമരായി തിരികെ എത്തുകയും ചെയ്തു. നോ ബോളിൽ ഒരു റൺ ലഭിച്ചതിനൊപ്പം ലഭിച്ച ഫ്രീ ഹിറ്റിൽ നാല് റൺസായിരുന്നു സിംബാബ്‌വെയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ വീണ്ടും പന്ത് കണക്ട് ചെയ്യുവാൻ സിംബാബ്‌വെ താരത്തിന് സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 55 പന്തിൽ 71റൺസ് നേടിയ ഹോസൈൻ ഷാൻ്റോയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. അഫീഫ് ഹോസൈൻ 19 പന്തിൽ 29 റൺസ് നേടി.

സിംബാബ്‌വെയ്ക്ക് വേണ്ടി എൻഗാവാര, മുസാരബാനി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നവംബർ രണ്ടിന് നെതർലൻഡ്സിനെതിരെയാണ് സിംബാബ്‌വെയുടെ അടുത്ത മത്സരം. ഇന്ത്യയുമായാണ് ബംഗ്ലാദേശിൻ്റെ അടുത്ത മത്സരം..