Skip to content

ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

നെതർലൻഡ്സിനെതിരെ താൻ നേടിയ ഫിഫ്റ്റി മികച്ചതായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ വിജയത്തിന് ശേഷം പ്രതികരിക്കവെയാണ് തൻ്റേത് മികച്ച ഇന്നിങ്സ് ആയിരിന്നില്ലെന്ന് ഹിറ്റ്മാൻ തുറന്നുപറഞ്ഞത്.

മത്സരത്തിൻ്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ രോഹിത് ശർമ്മ ബുദ്ധിമുട്ടിയിരുന്നു. രണ്ട് തവണ ഡച്ച് ഫീൽഡർമാർ ക്യാച്ച് വിട്ടതും മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് തുണയായി. എന്നിരുന്നാലും 36 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ ഹിറ്റ്മാൻ 39 പന്തിൽ 53 റൺസ് നേടിയാണ് പുറത്തായത്.

” തുറന്നുപറഞ്ഞാൽ ഇത് ഏറെക്കുറെ പൂർണമായ വിജയമായിരുന്നു. അതെ ഞാനും കോഹ്ലിയും തുടക്കത്തിൽ പതുക്കെയാണ് കളിച്ചത്. പക്ഷേ എൻ്റെയും കോഹ്ലിയുടെയും പ്ലാൻ അതുതന്നെയായിരുന്നു. വലിയ ഷോട്ടുകൾ കളിക്കാൻ ഞങ്ങൾ കാത്തിരിക്കേണ്ടിവന്നു. ”

” എൻ്റെ ഫിഫ്റ്റിയിൽ ഞാൻ സന്തുഷ്ടനല്ല. പക്ഷേ റൺസ് നേടുകയെന്നതാണല്ലോ പ്രധാനം. അവ നല്ല ഷോട്ടുകളിലൂടെയാണോ മോശം ഷോട്ടുകളിലൂടെയാണോ വന്നതെന്നത് പ്രശ്നമല്ല. ദിവസാവസാനം അത് ആത്മവിശ്വാസം നിലനിർത്തുന്നതിലാണ് കാര്യം. ” ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിൽ 56 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടാനെ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തോടെ ഇന്ത്യ നേടിയത്.