Skip to content

ഇങ്ങനെ ഭാഗ്യമില്ലാത്ത വേറെ ടീമുണ്ടോ, മഴ കളിച്ചു സൗത്താഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത് അർഹതപെട്ട വിജയം

ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായി മഴ. സിംബാബ്വെയ്ക്കെതിരായ മത്സരം മഴമൂലം റിസൾട്ട് ഇല്ലാതെ ഉപേക്ഷിക്കേണ്ടി വന്നതോടെ അർഹതപ്പെട്ട വിജയം സൗത്താഫ്രിക്കയ്ക്ക് നഷ്ടമായി.

മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 79 റൺസിൽ സിംബാബ്‌വെ ഒതുക്കിയിരുന്നു. 80 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആദ്യ ഓവറിൽ 23 റൺസ് ഡീകോക്ക് അടിച്ചുകൂട്ടിയെങ്കിലും പിന്നാലെ മഴവീണ്ടും വില്ലനായി എത്തി.

തുടർന്ന് മഴ ശമിച്ചതിന് പുറകെ മത്സരം 7 ഓവറാക്കുയപ്പോൾ സൗത്താഫ്രിക്കയുടെ വിജയലക്ഷ്യം 64 റൺസായിരുന്നു. രണ്ടാം ഓവറിൽ 17 റൺസ് അടിച്ചുകൂട്ടി ഡീകോക്ക് വീണ്ടും സൗത്താഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. മൂന്നാം ഓവറിൽ 11 റൺസ് നേടി വിജയത്തിനരികെ എത്തിയെങ്കിലും വീണ്ടും മഴ വില്ലനായി വരികയും ഒടുവിൽ മത്സരം ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.

മൂന്നോവറിൽ 51 റൺസാണ് സൗത്താഫ്രിക്ക അടിച്ചുകൂട്ടിയത്. ഡീകോക്ക് 18 പന്തിൽ 47 റൺസ് നേടിയപ്പോൾ ബാവുമ 2 പന്തിൽ 2 റൺസ് നേടി. 13 റൺസ് മാത്രമായിരുന്നു സൗത്താഫ്രിക്കയ്ക്ക് പിന്നീട് ജയിക്കാൻ വേണ്ടിയിരുന്നത്. മൂന്നോ നാലോ പന്തുകൾ കൂടെ ലഭിച്ചിരുന്നുവെങ്കിൽ അനായാസ വിജയം കുറിക്കാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചേനെ.

മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് ഇരുടീമുകൾക്കും ഓരോ പോയിൻ്റ് വീതം ലഭിച്ചു. ഒരു പോയിൻ്റ് നഷ്ടപെട്ടതിനൊപ്പം ലഭിക്കേണ്ടിയിരുന്ന വലിയ നെറ്റ് റൺ റേറ്റും സൗത്താഫ്രിക്കയ്ക്ക് നഷ്ടമായി.