Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് വിജയതുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ 9 റൺസിൻ്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 146 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 135 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 48 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പടെ 62 റൺസ് നേടിയ കോളിൻ അക്കർമാൻ മാത്രമാണ് ഡച്ച് നിരയിൽ തിളങ്ങിയത്.

ഐസിസി ടി20 ചരിത്രത്തിൽ സൂപ്പർ 12 ഘട്ടത്തിലെ ബംഗ്ലാദേശിൻ്റെ ആദ്യ വിജയം കൂടിയാണിത്. ഇതിന് മുൻപ് ടി20 ലോകകപ്പിലെ രണ്ടാം റൗണ്ടിൽ കളിച്ച 22 മത്സരങ്ങളിലും ബംഗ്ലാദേശ് പരാജയപെട്ടിരുന്നു.

നാലോവറിൽ 25 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 27 പന്തിൽ 38 റൺസ് നേടിയ അഫീഫ് ഹൊസൈൻ, 12 പന്തിൽ 20 റൺസ് നേടിയ മോസഡക് ഹൊസൈൻ 20 പന്തിൽ 25 റൺസ് നേടിയ നജ്മുൽ ഷാൻ്റോ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.

ഒക്ടോബർ 27 ന് ഇന്ത്യയ്ക്കെതിരെയാണ് നെതർലൻഡ്സിനെ അടുത്ത മത്സരം. അതേ ദിവസം സൗത്താഫ്രിക്കയ്ക്കെതിരെയാണ് ബംഗ്ലാദേശിൻ്റെ അടുത്ത മത്സരം.