Skip to content

പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിമാനനേട്ടം കുറിച്ച് ഇന്ത്യ. റിക്കി പോണ്ടിങിൻ്റെ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രനേട്ടം രോഹിത് ശർമ്മയും സ്വന്തമാക്കിയത്.

മെൽബണിൽ ഒരു ലക്ഷത്തിനടുത്ത് കാണികൾക്ക് മുൻപിൽ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി ഇന്ത്യ നേടുന്ന 39 ആം വിജയമാണിത്.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. 2003 ൽ 38 വിജയം നേടിയ ഓസ്ട്രേലിയയെ പിന്നിലാക്കിയാണ് ഈ തകർപ്പൻ റെക്കോർഡ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇതിനുമുൻപ് 2017 ൽ 37 വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഐസിസി ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന പതിമൂന്നാം വിജയമാണിത്. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലുമായി 14 മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കഴിഞ്ഞ ലോകകപ്പിൽ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചത്.