Skip to content

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് രോഹിത് ശർമ്മയെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തകർപ്പൻ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി.

ഇന്ത്യ 4 വിക്കറ്റിന് വിജയിച്ച ആവേശപോരാട്ടത്തിൽ 53 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 82 റൺസ് കിങ് കോഹ്ലി നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കിങ് കോഹ്ലി തിരിച്ചെത്തി.

മത്സരത്തിലെ പ്രകടനമടക്കം 102 ഇന്നിങ്സിൽ നിന്നും 51.97 ശരാശരിയിൽ 3794 റൺസ് കോഹ്‌ലി നേടിയിട്ടുണ്ട്. 135 ഇന്നിങ്സിൽ നിന്നും 3741 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് വിരാട് കോഹ്ലി പിന്നിലാക്കിയത്. മത്സരത്തിൽ നാല് റൺസ് മാത്രമാണ് രോഹിത് ശർമ്മയ്ക്ക് നേടാൻ സാധിച്ചത്.

മത്സരത്തിലെ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും കോഹ്ലി നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. പതിനാലാം തവണയാണ് കോഹ്ലി പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്. 13 തവണ നേടിയിട്ടുള്ള അഫ്ഗാൻ ക്യാപ്റ്റൻ മൊഹമ്മദ് നബിയെയാണ് കോഹ്ലി പിന്നിലാക്കിയത്.