Skip to content

ഞങ്ങൾ തോറ്റിട്ടില്ല, ഇത് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത് പോലെയാണ്, ഇന്ത്യയ്ക്കും അമ്പയർമാർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പുറകെ അമ്പയർമാർക്കെതിരെയും ഇന്ത്യൻ ടീമിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തി പാകിസ്ഥാൻ ആരാധകർ. തങ്ങൾ തോറ്റിട്ടില്ലെന്നും വിജയം ഇന്ത്യ തട്ടിപറിച്ച് എടുക്കുകയുമായിരുന്നുവെന്നുള്ള വിചിത്ര ആരോപണങ്ങളാണ് പാക് ആരാധകർ ഉന്നയിച്ചിരിക്കുന്നത്.

അവസാന ഓവറിൽ അമ്പയർമാർ വിധിച്ച നോ ബോളും ഫ്രീഹിറ്റിൽ കോഹ്ലി ഓടിയെടുത്ത മൂന്ന് റൺസും ചൂണ്ടികാട്ടിയാണ് പാക് ആരാധകർ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പന്ത് സ്റ്റമ്പിൽ തട്ടിയതിനാൽ അത് ഡെഡ് ബോൾ ആയിരിക്കണമെന്ന വിചിത്രമായ വാദമാണ് പാക് ആരാധകർ ഉന്നയിക്കുന്നത്. മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ ഇതേ വാദം മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗും ഉന്നയിച്ചു.

മത്സരത്തിനിടെ തന്നെ അമ്പയറുടെ തീരുമാനത്തിനെതിരെ പാക് താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധത്തിനിടയിലും അമ്പയർ ഡെഡ് ബോൾ വിധിച്ചില്ല. കൂടാതെ 3 റൺസ് ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഫ്രീഹിറ്റിൽ നിയമപ്രകാരം നാല് വഴികളിലൂടെ മാത്രമേ ബാറ്റ്സ്മാനെ പുറത്താക്കുവാൻ സാധിക്കൂ. കളിക്കിടെ പന്ത് കയ്യിലെടുക്കുക, പന്ത് രണ്ട് തവണ അടിക്കുക, ഫീൽഡിങ് തടസ്സപെടുത്തുക, അല്ലെങ്കിൽ റൺ ഔട്ട് ഈ മാർഗ്ഗങ്ങളിലൂടെ മാത്രമേ ഫ്രീ ഹിറ്റിൽ ഒരു ബാറ്റ്സ്മാന് പുറത്താകാൻ സാധിക്കൂ.

ഐസിസി നിയമപ്രകാരം പന്ത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കൈകളിൽ എത്തിയാൽ മാത്രമേ ഡെഡ് ആയി കണക്കാക്കുവാൻ സാധിക്കൂ. അതുകൊണ്ട് തന്നെ അതിന് മുൻപേ റൺസ് നേടാനുള്ള അവകാശം ബാറ്റ്സ്മാന്മാർക്കുണ്ട്.

എന്നാൽ മത്സരത്തിൽ ഡെഡ് ബോൾ അമ്പയർമാർ വിധിച്ചിരുന്നു. അത് ഇന്ത്യയുടെ ഇന്നിങ്സിലല്ല പാകിസ്താൻ്റെ ഇന്നിങ്സിൽ ആണെന്ന് മാത്രം. പാക് ഇന്നിങ്സിൽ അശ്വിൻ എറിഞ്ഞ ഓവറിൽ പാക് ടോപ്പ് സ്കോറർ ഷാൻ മസൂദിൻ്റെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് ഉയർന്നുപൊങ്ങി സ്പൈഡർ ക്യാമിൽ തട്ടി ഫീൽഡർമാർ ഇല്ലാത്ത ഭാഗത്ത് വീണിരുന്നു. അത് സ്പൈഡർ ക്യാമിൽ തട്ടിയില്ലെങ്കിൽ നേരെ ഇന്ത്യൻ ഫീൽഡറുടെ കൈകളിൽ എത്തുമായിരുന്നു.