Skip to content

ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

വീണ്ടും ലോകകപ്പിലെ പ്രധാന മത്സരത്തിൽ കളി മറന്ന് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ. ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 4 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. കെ എൽ രാഹുലിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയും നിരാശപെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ കാഴ്ച്ചവെച്ചത്.

കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ 8 പന്തിൽ 3 റൺസ് നേടി പുറത്തായ കെ എൽ രാഹുൽ ഇക്കുറി 4 റൺസ് നേടിയാണ് പുറത്തായത്. നസീം ഷായാണ് കെ എൽ രാഹുലിനെ പുറത്താക്കിയത്. ആദ്യ പന്തിൽ തന്നെ ഭാഗ്യം തുണച്ചുവെങ്കിലും അത് മുതലാക്കുവാൻ താരത്തിന് സാധിച്ചില്ല. ഏഷ്യ കപ്പിലും പാകിസ്ഥാനെതിരെ മോശം പ്രകടനമാണ് താരം കാഴ്ച്ചവെച്ചിരുന്നത്. ആദ്യ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ താരം സൂപ്പർ ഫോർ പോരാട്ടത്തിൽ 28 റൺസ് നേടിയാണ് പുറത്തായത്.

ടി20 ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ നാല് ഇന്നിങ്സ് കളിച്ച താരത്തിൻ്റെ ശരാശരി 8.75 മാത്രമാണ്.

പ്രധാന മത്സരങ്ങളിൽ കളിമറന്ന് പിന്നീട് ചെറിയ ടീമുകൾക്കെതിരെ മാത്രം തിളങ്ങുന്ന കെ എൽ രാഹുലിനെതിരെ രൂക്ഷവിമർശനമാണ് ആരാധകർ നടത്തുന്നത്. ഇന്ത്യൻ ടീമിലെ വലിയ ഫ്രോഡെന്നാണ് കെ എൽ രാഹുലിനെ ആരാധകർ പരിഹസിക്കുന്നത്.

മറുഭാഗത്ത് പാകിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനവും ദയനീയമാണ്. ടി20 ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ 10 ഇന്നിങ്സിൽ നിന്നും 114 റൺസ് മാത്രമാണ് രോഹിത് ശർമ്മ നേടിയിട്ടുള്ളത്.