Skip to content

10 പന്തുകൾ നേരിടാൻ മാത്രം എന്തിനാണ് ഒരാളെ ഉൾപെടുത്തുന്നത്, ദിനേശ് കാർത്തിക് പ്ലേയിങ് ഇലവനിൽ വേണ്ടെന്ന് നിർദേശിച്ച് ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തുന്ന തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപെടുത്തുന്നത് അപകടകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഗംഭീർ തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വിശദീകരിച്ചു.

” എൻ്റെ പ്ലേയിങ് ഇലവനിൽ റിഷഭ് പന്ത് അഞ്ചാമനായും ഹാർദിക് പാണ്ഡ്യ ആറാമനായും അക്ഷർ പട്ടേൽ ഏഴാമനായും ബാറ്റ് ചെയ്യും. പക്ഷേ പരിശീലന മത്സരങ്ങളിലെ സൂചന അനുസരിച്ച് ദിനേശ് കാർത്തിക്കായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ”

” പക്ഷേ 10 പന്തുകൾ മാത്രം കളിക്കാൻ വേണ്ടിയല്ല ഒരു പ്ലേയറെ ടീമിൽ ഉൾപെടുത്തേണ്ടത്. അഞ്ചാമനായോ ആറാമനായോ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാൾ ടീമിൽ വേണം. പക്ഷേ അതിനുള്ള ഉദ്ദേശമൊന്നും ദിനേശ് കാർത്തിക്കിനോ ടീം മാനേജ്മെൻ്റിനോ ഇല്ല. അവസാന രണ്ടോ മൂന്നോ ഓവർ ബാറ്റ് ചെയ്യാൻ വേണ്ടിയാണ് അവനെ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. അത് അപകടമാണ്. കാരണം ഓസ്ട്രേലിയയിൽ നേരത്തെ വിക്കറ്റുകൾ വീണാൽ ഹാർദിക്കിൻ്റെ വിക്കറ്റ് സംരക്ഷിക്കാൻ അക്ഷർ പട്ടേലിനെ അയക്കേണ്ടിവരും. അതുകൊണ്ടാണ് ഞാൻ പന്തിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്ന് പറയുന്നത്. പക്ഷേ ഇന്ത്യയുടെ പ്ലാൻ മറ്റൊന്നാണ്.” ഗംഭീർ പറഞ്ഞു.

മൂന്ന് പേസർമാരെ ടീമിൽ ഉൾപെടുത്തുണമെന്ന് നിർദേശിച്ച ഗംഭീർ ഭുവനേശ്വർ കുമാർ, അർഷ്ദീപ്, ഹർഷൽ പട്ടേൽ എന്നിവർക്ക് മുൻപേ തന്നെ ഷാമിയെ തിരഞ്ഞെടുക്കണമെന്നും നിർദ്ദേശിച്ചു.