Skip to content

ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് കോൺവെ.

മത്സരത്തിൽ 58 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 92 റൺസ് കോൺവേ അടിച്ചുകൂട്ടിയിരുന്നു. കോൺവേയ്ക്കൊപ്പം 16 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പടെ 42 റൺസ് നേടിയ ഫിൻ അലനും കിവികൾക്കായി തിളങ്ങി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് ന്യൂസിലൻഡ് നേടി.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 1000 റൺസ് കോൺവെ പൂർത്തിയാക്കി. വെറും 26 ഇന്നിങ്സിൽ നിന്നുമാണ് കോൺവേ 1000 റൺസ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ അസമിനൊപ്പം കോൺവേ എത്തി.

27 ഇന്നിങ്സിൽ നിന്നുമാണ് കിങ് കോഹ്ലി ആയിരം റൺസ് നേടിയിരുന്നത്. 26 ഇന്നിങ്സിൽ നിന്നുമാണ് ബാബർ അസമും ഈ ഫോർമാറ്റിൽ 1000 റൺസ് നേടിയത്. 24 ഇന്നിങ്സിൽ നിന്നും 1000 റൺസ് നേടിയ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡേവിഡ് മലാനാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ (ഫുൾ മെമ്പേഴ്സ് )

  • ഡേവിഡ് മലാൻ – 24 ഇന്നിങ്സ്
  • ബാബർ അസം – 26 ഇന്നിങ്സ്
  • ഡെവോൺ കോൺവേ – 26 ഇന്നിങ്സ്
  • വിരാട് കോഹ്ലി – 27 ഇന്നിങ്സ്