Skip to content

സ്കോട്ലൻഡിൻ്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ അവസാന മത്സരത്തിലെ തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ. സ്കോട്ലൻഡിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് സിംബാബ്‌വെ യോഗ്യത നേടിയത്.

മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 133 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു. 54 പന്തിൽ 58 റൺസ് ക്യാപ്റ്റൻ ക്രെയ്ഗ് എർവിനും 23 പന്തിൽ 40 റൺസ് നേടി തകർത്തടിച്ച സിക്കന്ദർ റാസയുമാണ് സിംബാബ്‌വെയ്ക്ക് വിജയം സമ്മാനിച്ചത്. ഇതാദ്യമായാണ് ടി20 ലോകകപ്പിലെ രണ്ടാം റൗണ്ടിലേക്ക് സിംബാബ്‌വെ കടക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിന് വേണ്ടി 54 റൺസ് നേടിയ ജോർജ് മൻസെ മാത്രമാണ് തിളങ്ങിയത്. സിംബാബ്‌വെയ്ക്ക് വേണ്ടി ചതാര, എൻഗാരവ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് വെസ്റ്റിൻഡീസിനെ പരാജയപെടുത്തിയ അയർലൻഡ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത സിംബാബ്‌വെ ഇന്ത്യ, പാകിസ്ഥാൻ, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് രണ്ടിൽ സ്ഥാനം പിടിച്ചു.