Skip to content

തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ നിർണ്ണായക പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി അയർലൻഡ്. 9 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് മത്സരത്തിൽ അയർലൻഡ് കുറിച്ചത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് മറികടന്നു.

തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ ബാൽബിർനിയും പോൾ സ്റ്റിർലിങും അയർലൻഡിന് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 73 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പവർപ്ലേയിൽ മാത്രം 64 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ബാൽബിർണി 23 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 37 റൺസ് നേടി പുറത്തായപ്പോൾ പോൾ സ്റ്റിർലിങ് 48 പന്തിൽ 66 റൺസും ടക്കർ 35 പന്തിൽ 45 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 48 പന്തിൽ 62 റൺസ് നേടിയ ബ്രാൻഡൻ കിങിൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ഒഡിയൻ സ്മിത്ത് 12 പന്തിൽ 19 റൺസ് നേടി.

അയർലൻഡിന് വേണ്ടി സ്പിന്നർ ഗരത് ഡെലാനി നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ അയർലൻഡ് സൂപ്പർ 12 ഉറപ്പിച്ചപ്പോൾ രണ്ട് തവണ ചാമ്പ്യന്മാരായിട്ടുള്ള വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യ റൗണ്ടിലെ അവസാന പോരാട്ടത്തിൽ സ്കോട്ലൻഡ് സിംബാബ്‌വെയെ നേരിടും.