Skip to content

ശ്രീലങ്ക അധികം സന്തോഷിക്കേണ്ട, എത്തിപെട്ടിരിക്കുന്നത് മരണ ഗ്രൂപ്പിൽ

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ ആദ്യ മത്സരത്തിൽ നമീബിയയോട് പരാജയപെട്ടുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ശ്രീലങ്ക. എന്നാൽ സൂപ്പർ 12 ലേക്ക് കടക്കുമ്പോൾ അധികം സന്തോഷിക്കാൻ ഏഷ്യ കപ്പ് ചാമ്പ്യന്മാർക്ക് സാധിക്കില്ല.

ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ശ്രീലങ്ക സൂപ്പർ 12 ൽ എത്തിപെട്ടിരിക്കുന്നത് മരണ ഗ്രൂപ്പിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും എന്നെന്നും ഐസിസി ടൂർണമെൻ്റുകളിൽ മികവ് പുലർത്തുന്ന ന്യൂസിലൻഡും കറുത്ത കുതിരകളായ അഫ്ഗാനിസ്ഥാനുമുള്ള ഗ്രൂപ്പ് ഒന്നിലാണ് ശ്രീലങ്ക എത്തിയിരിക്കുന്നത്.

ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരായ നെതർലൻഡ്സാണ് ഇന്ത്യയും പാകിസ്ഥാനും, സൗത്താഫ്രിക്കയും ബംഗ്ലാദേശുമുള്ള ഗ്രൂപ്പ് രണ്ടിൽ പ്രവേശിച്ചിരിക്കുന്നത്.

നാളെ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തോടെ ലോകകപ്പിലെ ആദ്യ റൗണ്ട് പൂർത്തിയാകും. ആദ്യ മത്സരത്തിൽ അയർലൻഡ് വെസ്റ്റിൻഡീസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ സ്കോട്ലൻഡ് സിംബാബ്‌വെയെ നേരിടും. ഗ്രൂപ്പിൽ ഓരോ മത്സരങ്ങൾ വീതമാണ് നാല് ടീമുകളും വിജയിച്ചിട്ടുള്ളത്. നാളെ വിജയിക്കുന്ന ടീമുകൾക്ക് സൂപ്പർ 12 ലേക്ക് യോഗ്യത നേടാൻ സാധിക്കും.